11:41am 20 October 2026
NEWS
ഹാർട്ട് ഫെയില്യർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു
08/02/2025  11:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹാർട്ട് ഫെയില്യർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം  ആരംഭിച്ചു

കൊച്ചി: ഹാർട്ട് ഫെയില്യർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ -2025) 11-ാമത് ദേശീയ സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.

ഹാര്‍ട്ട് ഫെയില്യര്‍ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്നതാണ് സമ്മേളനം.  

ഹാർട്ട് ഫെയിലർ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യൻ സൊസൈറ്റി ഓഫ് ഹാർട്ട് ഫെയിലർ, ഏഷ്യൻ ഹാർട്ട് സൊസൈറ്റി, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ, ജെസിവിഎ എന്നീ സംഘാനകളുടെ  പിന്തുണയോടെയാണ് സമ്മേളനം  സംഘടിപ്പിക്കുന്നത്. 

വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാർട്ട് ഫെയിലർ വ്യാപനത്തിലുണ്ടായ
വർദ്ധനവ്  പരിഗണിച്ച്  ഈ അവസ്ഥയെക്കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. 
 
"ഹൃദയസ്തംഭനവും  ഹാർട്ട് ഫെയിലറും  എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ പൊതു സമൂഹത്തിന് ഉണ്ടാവണം. ഹൃദയസ്തംഭനം ഹൃദയാഘാതം പോലെ പെട്ടെന്ന് വരുന്നതല്ല. രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് ദുർബലമാകുന്നതാണ് ഹാർട്ട് ഫെയില്യർ 

“ ഹൃദയ പേശികൾക്ക് കട്ടി കൂടി യുണ്ടാവുന്ന കാർഡിയോമയോപ്പതി, ജന്മനായുള്ള ഹൃദ്രോഗം, പ്രമേഹം, രക്താതിമർദ്ദം, പൊണ്ണത്തടി, വൃക്കരോഗങ്ങൾ, അസാധാരണമായ ഹൃദയ താളം എന്നിവ കാരണം ഹാർട്ട് ഫെയില്യർ സംഭവിക്കാം,” ഡോ. ഡി. പ്രഭാകർ പറഞ്ഞു.

ഹാർട്ട് ഫെയിലർ വ്യക്തിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ചികിത്സാ സമീപനങ്ങളും വ്യത്യസ്തമാവും. അതിനാൽ    "വ്യക്തിഗത ഹൃദയസ്തംഭന ചികിത്സ " എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. 

നേരത്തെയുള്ള രോഗനിർണയവും  ചികിത്സയും ലക്ഷ്യമിട്ട് രാജ്യത്ത് 1000 ഹാർട്ട് ഫെയില്യർ ക്ലിനിക്കുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ടെന്ന്  എച്ച്എഫ്എഐ പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മൻ പറഞ്ഞു.

ഹാർട്ട് ഫെയില്യർ രോഗനിർണയത്തിലും ചികിത്സയിലും ഡോക്ടർമാരെ സഹായിക്കുന്ന ഒരു ലഖുരേഖ  ചടങ്ങിൽ പുറത്തിറക്കി.

എച്ച്എഫ്എഐ പ്രസിഡന്റ്  ഡോ. എബ്രഹാം ഉമ്മൻ, ഡോ. ഉദയ് എം. ജാദവ് (വൈസ് പ്രസിഡന്റ്), ഡോ. വിജയ്കുമാർ ചോപ്ര (എച്ച്എഫ്എഐ
സ്ഥാപക അംഗവും രക്ഷാധികാരിയും ), ഡോ. ബഗീരഥ് രഘുരാമൻ (സെക്രട്ടറി), ഡോ. ജോർജ്ജ് കോശി എ. (ഓർഗനൈസിംഗ് ചെയർമാൻ), ഡോ. ജയഗോപാൽ പി.ബി. (ഓർഗനൈസിംഗ് സെക്രട്ടറി), ഡോ. എസ്. ഹരികൃഷ്ണൻ എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

ഹാർട്ട് ഫെയില്യർ  രോഗനിർണയത്തിലും ചികിത്സയിലും പുരോഗതി കൈവരിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പങ്കിനെക്കുറിച്ച് സമ്മേളനം പ്രധാന ചർച്ചകൾ നടന്നു 

എഐ-അധിഷ്ഠിത ഇമേജ് വിശകലന ഉപകരണങ്ങൾക്ക് ഹൃദയത്തിലെ ഘടനാപരവും പ്രവർത്തനപരവുമായ കുഴപ്പങ്ങൾ വേഗത്തിലും കൃത്യമായും തിരിച്ചറിയാനും രോഗനിർണയ കൃത്യത മെച്ചപ്പെടുത്താനും കഴിയുമെന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജയഗോപാൽ പി.ബി.  പറഞ്ഞു.

"രക്തത്തിലെ ബയോമാർക്കറുകൾ, ഇലക്ട്രോകാർഡിയോഗ്രാമുകൾ (ഇസിജി), ജനിതക ഡാറ്റ എന്നിവ  ഐ .ഐ വഴി വിശകലനം ചെയ്ത് ഹാർട്ട് ഫെയില്യർ സാധ്യത കൂടുതലുള്ള രോഗികളെ തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്," ഡോ. ജയഗോപാൽ പി.ബി പറഞ്ഞു.

രോഗനിർണയത്തിലും വ്യക്തിഗത ചികിത്സക്കും എ.ഐ നൽകുന്ന  സംഭാവനകൾ ഡോ. അനിൽ ബാലചന്ദ്രൻ വിശദീകരിച്ചു .
ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയാക് ഉപകരണങ്ങളിൽ എ.ഐ സംയോജിപ്പിക്കുന്നതിൻ്റെ പ്രയോജനങ്ങൾ  ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജോർജ്ജ് കോശി എ. വിശദീകരിച്ചു.നൂതന മരുന്നുകളുടെ ഗവേഷണത്തിന് ഫാർമസ്യൂട്ടിക്കൽ കമ്പനികളും എ.ഐ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസങ്ങളിൽ രണ്ട് സമാന്തര വേദികളിലായി 35 സുപ്രധാന ശാസ്ത്ര സെഷനുകളും വർക്ക്ഷോപ്പുകളും നടക്കുന്നുണ്ട്.

എ.ഐ. വഴിയുള്ള രോഗനിർണയം, ജീൻ തെറാപ്പി, സ്ത്രീകളിലും യുവാക്കളിലുമുണ്ടാവുന്ന ഹാർട്ട് ഫെയിലർ, ഹൃദയമാറ്റ ശസ്ത്രക്രിയയിലെ പുരോഗതികൾ, പൊണ്ണത്തടി  മരുന്നുകൾ, ഹൃദയസ്തംഭന മാനേജ്മെന്റിൽ ഇമേജിംഗിന്റെ പങ്ക് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ.

നഴ്‌സുമാരുടെ പരിശീലന പരിപാടികൾ, "മീറ്റ് ദി മാസ്റ്റേഴ്‌സ്" സെഷനുകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കാർഡിയോളജി ഫെലോകൾക്കുള്ള പ്രത്യേക പരിശീലന പരിപാടിക എന്നിവയും സമ്മേളനത്തിലുണ്ട്. 

15 അന്താരാഷ്ട്ര ഫാക്കൽറ്റികളാണ് സെഷനുകൾ നയിക്കും. രാജ്യത്തെ  125 ലധികം  ഹാർട്ട് ഫെയിലർ വിദഗ്ധരും എഴുന്നൂറ്റി അമ്പതിലധികം  കാർഡിയോളജിസ്റ്റുകളും  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img